സാത്വികാഹാരവും ആരോഗ്യവിചാരവും

സാത്വികാഹാരവും ആരോഗ്യവിചാരവും

“ആഹാരം തന്നെയായിരിക്കട്ടെ നിങ്ങളുടെ ഔഷധം, ഔഷധം നിങ്ങളുടെ ആഹാരവും” എന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിൻറെ വാക്കുകൾ നമ്മുടെ തലച്ചോറിനെ ഉണർത്തേണ്ടതാണ്. ഇന്ന് നാം അനുഭവിക്കുന്ന രോഗങ്ങളുടെ ഏറിയ പങ്കും തെറ്റായ ആഹാര വിചാരത്തിൽ നിന്നും ഉണ്ടായിരിക്കുന്നതാണ്. ആമാശയമാണ് സകലരോഗങ്ങളുടെയും ഉത്ഭവസ്ഥാനമെന്ന് ആയുർവേദവും പറയുന്നു. തെറ്റായ ഭക്ഷണക്രമവും വിരുദ്ധാഹാരവും നമ്മെ രോഗിയാക്കുമെന്ന് പ്രകൃതിജീവനശാസ്ത്രങ്ങളിലും പറഞ്ഞുവെച്ചിരിക്കുന്നു. രോഗാവസ്ഥയിൽ അലോപ്പതി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പഥ്യാഹാരം മാത്രം നൽകുന്ന ആധുനിക വൈദ്യവും ആരോഗ്യകാര്യത്തിൽ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നു.
അസുഖം എന്നത് സുഖം നഷ്ടപെടുന്ന അവസ്ഥയാണ്, സുഖം തൃപ്തിയിൽ നിന്നും ഉണ്ടാകുന്നു. ഇന്ന് നാം എല്ലാ കാര്യങ്ങളിലും അതൃപ്തരാണ്, പ്രത്യേകിച്ച് ഇന്ദ്രിയ വിഷയങ്ങളിൽ, അതിൽ നാവാണ് പ്രധാനി. അതിനാൽ യോഗിയായി
ജീവിക്കേണ്ട നാം ഇന്ന് ഭോഗിയും രോഗിയുമായി മാറിയിരിക്കുന്നു. നമ്മെ ഇന്ന് നയിക്കുന്നത് നാവാണെന്നു പറയുന്നതിൽ തെറ്റില്ല.

“ഏകഭുക്തം മഹായോഗി,
ദ്വിഭുക്തം മഹാഭോഗി,
ത്രിഭുക്തം മഹാരോഗി”
എന്ന് പൂർവികർ പറഞ്ഞിരിക്കുന്നത് എത്ര അർത്ഥവത്താണ്.

“ഭോഗേ രോഗഭയം
രോഗേ മൃത്യുഭയം”
എന്ന് ഭർതൃഹരിയും പറഞ്ഞിരിക്കുന്നു. ഭോഗത്തിൽ നിന്നും രോഗവും, രോഗത്തിൽ നിന്നും മൃത്യുവും നമ്മെ തേടിയെത്തുന്നു. അതിനാൽ നാവിന്റെ മുകളിലുള്ള നിയന്ത്രണം നമ്മെ മൃത്യുവിൽ നിന്നും രക്ഷിക്കും. ഈ ബോധം നമുക്കുണ്ടായാലും പലപ്പോഴും നമുക്കിഷ്ടപെട്ടതിനെ ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഇവിടെയാണ് ആരോഗ്യവിചാരത്തിനിന്റെയും സാത്വികാഹാരത്തിന്റെയും പ്രാധാന്യം.
“അന്നാദ് ഭവാനി ഭൂതാനി “
സകല ജീവജാലങ്ങളും അന്നത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത് എന്ന് നമ്മുടെ ഗ്രന്ഥങ്ങൾ ഉദ്‌ഘോഷിക്കുന്നതും “എന്താണോ നിങ്ങൾ കഴിക്കുന്നത് അത് തന്നെയാണ് നിങ്ങൾ” എന്ന പൗരാണിക ചിന്തയും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇവിടെ ഭാരതീയ വീക്ഷണങ്ങളുടെ പ്രസക്തി നമുക്ക് കാണാൻ കഴിയും.
ആഹാരത്തിൽ നിന്നും സപ്തധാതുക്കളും – ശുക്ലധാതുവിൽ – നിന്നും ഭ്രുണവും – ശിശുവും – മനുഷ്യനും രൂപപെടുമ്പോൾ, ആഹാരത്തിൽ നിന്നുമാണ് നാം ഓരോരുത്തരും ഉണ്ടായതെന്ന ഓർമപ്പെടുത്തൽ കൂടിയാണത്. ഭാരതീയ ചിന്ത ഇവിടെയും അവസാനിക്കുന്നില്ല. അന്നം ഭൂമിയിൽ നിന്നുമാണ് ഉണ്ടായത് എന്നതിനാൽ

“മാതൃഭൂമി പുത്രോഹം പൃഥിവ്യാ”


ഈ ഭൂമി എന്റെ മാതാവും ഞാൻ അതിന്റെ പുത്രനുമാണ് എന്നും നമ്മുടെ പൂർവികർ നമ്മെ ഓർമിപ്പിച്ചു.
ആഹാരം മണ്ണിൽ നിന്നാണ് ഉണ്ടായതെങ്കിൽ, മണ്ണ് ജലത്തിൽ നിന്നും, ജലം വായുവിൽ നിന്നും, വായു ആകാശത്തിൽ നിന്നുമാണ് ഉണ്ടായത് എന്ന് ഭാരതീയ ഋഷീശ്വരന്മാർ പറഞ്ഞു വച്ചു, കൂടാതെ ഈ ഭൂമിയിലെ സകല ചരാചരങ്ങളും പഞ്ചഭൂതങ്ങളിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത് എന്നും.
പഞ്ചഭൂതങ്ങൾ പഞ്ചതന്മാത്രകളിൽ നിന്നും, പഞ്ചതന്മാത്രകൾ ത്രിഗുണങ്ങളിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ സകലവസ്തുക്കളിലും നമുക്ക് ഈ ത്രിഗുണങ്ങളുടെ സ്വാധീനം കാണുവാൻ കഴിയും. നാം കഴിക്കുന്ന ഭക്ഷണത്തിലും ത്രിഗുണങ്ങളുടെ സ്വാധീനം ഉണ്ട്. സത്വഗുണം പ്രീതിയും ആരോഗ്യവും നൽകുമ്പോൾ, രജോഗുണം കർമവും സമ്മർദവും ഉണ്ടാക്കുന്നു. തമോഗുണമാകട്ടെ വിഷാദത്തിനും രോഗത്തിനും കാരണമാകുന്നു. അതിനാൽ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ സ്വഭാവത്തിനും രോഗത്തിനും/ആരോഗ്യത്തിനും കാരണമാകുന്നു. “നിങ്ങൾ കഴിക്കുന്നത് തന്നെയാണ് നിങ്ങൾ” എന്ന് പറയുന്നതിന്റെ പൊരുളും ഇത് തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണം അവസാനം കോശമായി പരിണമിച്ചു DNA യെ സ്വാധീനിക്കുന്നു.
ആരോഗ്യം എന്നത് ഒരു സമഗ്രമായ കാഴ്ചപ്പാടാണ്. ആഹാരത്തിനു വലിയ പ്രാധാന്യമുണ്ട്.

സമദോഷ സമഗ്നിശ്ച
സമധാതു മലക്രിയപ്രസന്ന ആത്മ ഇന്ദ്രിയ മനഃസ്വാസ്ഥ ഇതി അഭിദേയതേ

മനഃസ്വാസ്ഥ ഇതി അഭിദേയതേ

ആത്മ ഇന്ദ്രിയ മനഃസ്വാസ്ഥ ഇതി അഭിദേയതേ

ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സമാവസ്ഥയും, ശരീരത്തിലെ പഞ്ചാഗ്നികളും സപ്തധാതുക്കളും സമമായിരിക്കുകയും, കൃത്യമായ മലവിസർജ്ജനവും, ഇന്ദ്രിയങ്ങളും, മനസ്സും, ആത്മാവും പ്രസന്നമായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആരോഗ്യം എന്ന് ആയുർവ്വേദം പറയുന്നു.

ത്രിദോഷങ്ങൾ പഞ്ചഭൂതങ്ങളിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. ആകാശം + വായുതത്വങ്ങൾ ചേർന്ന് വാതവും, അഗ്നിയിൽ നിന്ന് പിത്തവും, ജലം + ഭൂമിയും ചേർന്ന് കഫവും ഉണ്ടായിരിക്കുന്നു. അങ്ങിനെ ത്രിദോഷങ്ങൾക്കും കാരണം പഞ്ചഭൂതങ്ങളും. ഇവയുടെ സമാവസ്ഥ ആരോഗ്യത്തിന്റെ ഘടകവുമാണെന്നു ആയുർവ്വേദം പറയുന്നു.

അഞ്ചു അഗ്നികളെയാണ് ശരീരം ആരോഗ്യത്തിനായി ഉപയോഗപ്പെടുത്തുന്നത്. കായാഗ്നി (ശരീര താപനില), ജഠരാഗ്നി (ദഹന ശക്തി), ഭൂതാഗ്നി (ശരീര സന്തുലനം), ധാതു അഗ്നി (ഉപാപചയം), യോഗാഗ്നി (ആത്മീയ ഊർജം) എന്നിവയാണ് ഈ അഞ്ചു അഗ്നികൾ.
സമാധാതു എന്നതുകൊണ്ട് സപ്തധാതുക്കളുടെയും സമാവസ്ഥയാണ് ഉദ്ദേശിക്കുന്നത്. ധാതുക്കളുടെ സമാവസ്ഥ ഭക്ഷണത്തിലൂടെ ക്രമപ്പെടുത്തേണ്ടതാണ്. ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, മിനറൽസ്, ധാതുലവണങ്ങൾ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് ഈ ധാതുക്കളെ ക്രമീകരിക്കാൻ വേണ്ടിയാണ്.
ധാതുക്കൾ ദുഷിക്കുമ്പോൾ അത് ത്രിദോഷങ്ങളെ ദുഷിപ്പിക്കുകയും ആരോഗ്യഹാനിക്ക് കാരണമാവുകയും ചെയ്യും. ധാതുക്കൾ ദുഷിച്ച ഭക്ഷണവും കാരണമാകുന്നു. അങ്ങിനെ ഭക്ഷണം ആരോഗ്യത്തിനും അതെ സമയം രോഗത്തിനും കാരണമായിത്തീരുന്നു.
ശരീരത്തിലെ സകല മലങ്ങളും യഥാസമയം വിസർജിക്കപ്പെടേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളാണ് മലബന്ധത്തിന് കാരണമായിത്തീരുന്നത്. അതിനാൽ ഭക്ഷണം സസ്യാഹാരമാകുമ്പോൾ ശരീര സംവിധാനങ്ങളെല്ലാം ക്രമമായി പ്രവർത്തിക്കാൻ അത് സഹായകരമാകും.
ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെ പ്രസന്നതയ്ക്കും ഭക്ഷണം കാരണമായിതീരുന്നു. സാത്വിക ഭക്ഷണം കഴിക്കുമ്പോൾ ഇന്ദ്രിയങ്ങളുടെ പ്രലോഭനം കുറയുകയും, മനസ്സ് ശാന്തമായിത്തീരുകയും ചെയ്യുന്നു. അങ്ങിനെ ആസക്തിയിൽ നിന്നും അനാസക്തിയിലേക്ക് സാത്വികാഹാരം നമ്മെ എത്തിക്കുന്നു. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രസന്നത ആത്മാവിന്റെ പ്രസന്നതക്കും കാരണമാകുന്നു. അങ്ങിനെ ശരീരത്തെയും മനസ്സിനെയും രൂപപ്പെടുത്തുന്നതിലും, ആത്മശാന്തിക്കും ആഹാരവിചാരം കാരണമാവുകയും, ആഹാര വിചാരം ആരോഗ്യവിചാരത്തിന് കരണമായിത്തീരുകയും ചെയ്യുന്നു.