Lucaria disease / Vaginal discharge
#ലൂക്കോറിയ അഥവാ #വെള്ളപോക്ക്
Vaginal discharge
(രോഗവും – പരിഹാരങ്ങളും)
Yoga for ladies
സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.
സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.
യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്പ്പോഴും അല്പമാത്രയില് മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറില്ല.
എന്നാല്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങള്‍, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു.
ഇത്തരം അവസ്ഥ പലരിലും പല രീതിയില്‍ ആയതിനാല്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ ശരീരക്ഷീണം, നടുവേദന, കൈകാല്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികള്‍ തോറും നീരും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥകളില്‍ യോനീസ്രാവം അധികമായി പോവുകയും അതിന് പാലിന്റെ നിറം കാണുകയും ചെയ്യുന്നു. ചിലരില്‍ അധികമളവില്‍ കൂടെക്കൂടെ പോയ്ക്കൊണ്ടിരിക്കും.
ആര്‍ത്തവ ആരംഭത്തോടെ അടുത്ത ദിവസങ്ങളിലും ഗര്‍ഭകാലത്തും ഇത്തരം സ്രവങ്ങള്‍ അധികരിച്ചു കാണപ്പെടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും ഇത്തരം വെള്ളപോക്ക് കണ്ടുവരുന്നു. കൂടാതെ ക്ഷയരോഗം. പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിതമായ ഉപയോഗം, ശരീരംവല്ലാതെ ക്ഷീണിച്ചു ദുര്‍ബലമായവര്‍, കഠിനാധ്വാനം ചെയ്യുക, ഉറക്കമില്ലായ്മ, അധികമായ ശരീരവിയര്‍പ്പ് ഇവയുള്ളവരിലും ഇത്തരം സ്രാവങ്ങള്‍ അധികരിച്ചു കാണുന്നു.
അനാരോഗ്യകരവും വൃത്തിയില്ലാത്തതുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ജനനേന്ദ്രിയ രോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ അധികരിച്ചും കാണപ്പെടുന്നു.
ഗര്‍ഭപാത്രത്തിന്റെ സ്ഥാനചലനം ഗര്‍ഭാശയത്തിനേല്‍ക്കുന്ന ക്ഷതം, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം മുതലായവ ജീവിതചര്യകളില്‍ വരുന്നമാറ്റം, വളരെതണുത്ത കാലാവസ്ഥ, കൂടുതല്‍ നേരം തണുത്തപ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദങ്ങള്‍, കാപ്പി, ചായ ഇവയുടെ അമിതമായ ഉപയോഗം ഇവയൊക്കെ വെള്ളപോക്ക് അധികരിക്കാന്‍ ഇടവരുത്തും.
വൃത്തിയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ , ഗുഹ്യഭാഗത്തെ രോമം കളഞ്ഞു വൃത്തിയാക്കാതിരിക്കുക, ഓരോ തവണയും മൂത്രമൊഴിച്ചശേഷം വൃത്തിയാക്കാതിരിക്കുക, ദിവസവും കുളിച്ചുശരീരത്തിലെ വിയര്‍പ്പും അഴുക്കും കഴുകിക്കളയാതിരിക്കുക, ഇവമൂലം പലതരം രോഗങ്ങള്‍ക്കു കാരണമാവുകയും അതോടൊപ്പം തന്നെ ഇത്തരം സ്രാവങ്ങള്‍ കൂടുതലായി കാണാനും ഇടവരും.വെള്ളപോക്ക് ഏത് പ്രായത്തിലുള്ള സ്ത്രീകളിലും കാണാം. അതായത് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍ 15 നും 45 വയസ്സിനും ഇടയിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചില കൊച്ചുകുട്ടികളില്‍ ഈ രോഗം വളരെ ശക്തമായി കാണപ്പെടുന്നു. പാരമ്പര്യമായും ചിലര്‍ക്കുരോഗം പകര്‍ന്നുകിട്ടാം.
മലബന്ധവും കൃമിശല്യവും ഉള്ളവരിലും വെള്ളപോക്ക് കണ്ടുവരുന്നു. മലാശയത്തില്‍ കണ്ടുവരുന്ന ചെറിയ കൃമികള്‍ അവയുടെ അണ്ഡം വിസര്‍ജനസമയത്ത് രാത്രി കാലങ്ങളില്‍ പുറത്തുവരികയും യോനിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം യോനീഭാഗത്ത് വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഈ കൃമികളെ പുറംതള്ളാനായി അധികരിച്ച സ്രവം പുറത്തുവരികയും ചെയ്യും. കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന വെള്ളപോക്കിന്റെ കാരണമിതാണ്.
ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇത്തരക്കാരില്‍ തൈരുപോലെ നല്ല കട്ടിയായി വെള്ളനിറത്തില്‍ ധാരാളമായി പുറത്തുവരുന്നു. ആ സ്രാവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ടു കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.
ചിലരില്‍ യോനീഭാഗത്ത് നീര്, ചുട്ടുനീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍ ഇവയോടൊപ്പം ഇളംമഞ്ഞ കലര്‍ന്ന സ്രാവം അധികമായി പുറത്തുവരുന്നു.
ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന് മുന്‍പായും അതുകഴിഞ്ഞും ഇടയ്ക്കിടെ വളരെയധികം സ്രാവം പുറത്തുവരുന്നു. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരംവല്ലാതെ മെലിയുക, വല്ലാത്ത ക്ഷീണം, ഇവയോടൊപ്പം വല്ലാത്ത ദുര്‍ഗന്ധത്തോടു കൂടിയ വെള്ളം പോലെയും പഴുപ്പും രക്തവും കലര്‍ന്ന സ്രാവം പുറത്തുവരുന്നു.
ശരിയായ ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്ന് ഈ രോഗത്തെ വ്യക്തമായി മനസ്സിലാക്കാമെന്നിരിക്കെ വെള്ളപോക്കിന്റെ അസുഖമുള്ളവര്‍ നിസ്സാരമെന്ന് കരുതിയോ, പുറത്തുപറയാന്‍ മടിച്ചോ, കൊണ്ടുനടക്കാതെ ആരംഭനാളില്‍ത്തന്നെ ചികിത്സ തേടേണ്ടതാണ്.
#ആയുർവേദ #പരിഹാരം
●നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ് ഇവ രണ്ടു കഴഞ്ചു വീതം എടുത്തു ചതച്ച് കിഴികെട്ടി ഉരിപാലിൽ രണ്ടു നാഴി വെള്ളം ചേർത്ത് അതിലിട്ടു കുറുക്കി പാലോളമാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് രാത്രി കഴിക്കുക. സ്ത്രീകളിലെ വെള്ളപോക്ക് ശമിക്കും.
●ജീരകം, കൊത്തമല്ലി, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് അതേ അളവ് ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കയുടെ വലുപ്പമുള്ള ഉരുളകളാക്കുക. ഇത് ഓരോ എണ്ണ വീതം രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ വെള്ളപോക്ക് കുറയും.
● ശതാവരിക്കിഴങ്ങിട്ട് പാൽ കാപ്പി പതിവായി കഴിച്ചാൽ സ്ത്രീ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.
●ശതാവരിക്കിഴങ്ങെു പാലിൽ അരച്ച് കലക്കി കഴിച്ചാൽ ലൈംഗിക ഉണർവു ലഭിക്കും. വെള്ളപോക്കു പോലുള്ള സ്ത്രീജന്യമായ രോഗങ്ങൾ മാറ്റുന്നതോടൊപ്പം ലൈംഗികശേഷിയും വർധിപ്പിക്കുന്നു.
●60 ഗ്രാം ശതാവരിക്കിഴങ്ങ് കഴുകി ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാൽ ചേർത്തു കഴിക്കുക. ●ശതാവരിക്കിഴങ്ങ് അച്ചാറിട്ടു കഴിക്കുന്നതും ഏറെ ഗുണകരമാണ്.
#യോഗ #ചികിത്സ
അരക്കെട്ട്, ഇടുപ്പ്, പൃഷ്ഠ പേശികൾ, ഉദര പേശികൾ ഇവക്ക് ചലനം കിട്ടുന്ന രീതിയിൽ ഉള്ള ആസനങ്ങൾ പൊതുവെ ഗുണം ചെയ്യും. തല കീഴായി വരുന്ന ആസനങ്ങളും പരിശീലിക്കുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശക്തമാക്കുന്നു ആസനം പ്രാണായാമം ഇവ പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
സമാന പ്രാണനെയും, വ്യാന പ്രണനെയും ശക്തിപ്പെടുത്തി ഈ രോഗത്തിന് പരിഹാരം കാണാൻ കഴിയും. മൂല ബന്ധം, മൂലധാര, സ്വാധിഷ്ഠാന ചക്രങ്ങളെ ഉത്തേജിപ്പിക്കുന്ന ആസനങ്ങൾ ഇവ ഗുണപ്രദം ആണ്. നിത്യേന പ്രാണായാമം ചെയ്യുക. സമയം എടുത്തു ശവാസനം ചെയ്യുക (DRT), ധ്യാനം ഇവ ഒക്കെ സ്ത്രീ ജന്യ രോഗങ്ങൾക്ക് ശമനം കിട്ടാൻ നല്ലതാണ്.