Pattern of Thoughts
ചിന്തകളുടെ ഡിസൈൻ/പാറ്റേൺ
ചിന്തകൾക്ക് രൂപമുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങിനെയാണ് മനസിലാക്കുക? ചിന്തകളുടെ ഡിസൈൻ തിരുത്തി വരച്ചു ഉയർന്ന തലത്തിലേക്ക് നമ്മുടെ ജീവിതത്തെ ഉയർത്താൻ കഴിയുമോ? നമുക്ക് പരിശോധിക്കാം.
ഓരോരുത്തരുടെയും ചിന്തകളുടെ രൂപത്തെ അവരവർക്കു മാത്രമേ മനസ്സിലാക്കാൻ കഴിയൂ. കാരണം അത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ് സംഭവിക്കുന്നത്. പ്രത്യേക സിദ്ധി ലഭിച്ചവർക്ക് അത് സാധ്യമാകുമെങ്കിലും, നമ്മുടെ മനസ്സിലെ അഴുക്കിനെ ചികയാൻ അവർ മെനക്കെടില്ല. നമ്മുടെ ചിന്തകളെ നിരീക്ഷിച്ചാൽ വളരെ എളുപ്പത്തിൽ ഇതിന്റെ ഘടന നമുക്ക് മനസിലാക്കാം. ഇപ്പോൾ മുതൽ നിരീക്ഷിച്ചു തുടങ്ങൂ. നമ്മളിലുള്ള വാസനകൾക്കു അനുസരിച്ചാണ് കാണുന്ന ഓരോ വസ്തുവിന്റെയും ഇൻഫർമേഷൻ ശേഖരിക്കുന്നത്. ഉദാഹരണത്തിന് മാംസം ഭക്ഷിക്കുന്ന ഒരാൾക്ക് മാംസവില്പനശാലയിൽ മാംസം കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന തോന്നലും ഒരു സന്യാസിക്ക് ഉണ്ടാകുന്ന തോന്നലും വളരെ വ്യത്യസ്തമായിരിക്കും. മാംസം കഴിക്കുന്ന ആൾ അതിനെ ഏതു രീതിയിൽ പാകം ചെയ്തു ഉച്ചഭക്ഷണം സ്വാദിഷ്ടമാക്കാം എന്ന് ചിന്തിക്കുമ്പോൾ, സന്യാസിക്ക് അത് ഒരു ദാരുണമായ കാഴ്ചയാണ്. ഏതൊരു ജീവിയായാലും, അതിൽ നിന്നും അതിന്റെ ജീവനെ അറുത്തു മാറ്റുന്നത് ദാരുണം തന്നെയാണ്.
ഇതു പോലെ തന്നെ നമ്മുടെ ഓരോ കാഴ്ചയും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവം ഉണ്ടാക്കുന്നു. ഒരു സ്വർണ വ്യാപാരി ആഭരണങ്ങളെ അതിന്റെ തൂക്കത്തിലും മൂല്യത്തിലും കാണുമ്പോൾ നമ്മൾ അതിനെ നമ്മുടെ ശരീരത്തിൽ അണിയുകയാണ്. ഈ ആഭരണം ധരിച്ചാൽ എത്ര സൗന്ദര്യം അല്ലെങ്കിൽ എത്ര ആകർഷണീയത തനിക്കുണ്ടാകുമെന്നാണ് ആലോചിക്കുന്നത്. അത് പോലെ തന്നെ മദ്യപാനി മദ്യം കാണുന്നതും, മദ്യപാനത്തിന്റെ ദുരന്തം അനുഭവിക്കുന്നവരും വ്യത്യസ്ത രീതികളിലാണ് ആ കാഴ്ചയെ സ്വീകരിക്കുന്നതെന്ന് ചുരുക്കം.
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് നമ്മുടെ ചിന്തകൾക്ക് ഒരു പ്രത്യേക PATTERN ഉണ്ട്. നമ്മുടെ വാസനകൾക്കും വളർന്നു വന്നതും, ജീവിച്ചു വരുന്നതുമായ സാഹചര്യങ്ങൾക്കനുസരിച്ചു അതിന്റെ ഘടനയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു.
അങ്ങനെയെങ്കിൽ ഇതിന്റെ ഡിസൈൻ നമുക്ക് മാറ്റം വരുത്തുവാൻ കഴിയുമോ? എങ്കിൽ ഏതു തരത്തിലുള്ള മാറ്റമാണ് വരുത്തേണ്ടത്? മാറ്റം വരുത്തിയാൽ എന്താണ് നമുക്ക് ലഭിക്കുക? ചിന്തിക്കേണ്ട കാര്യമാണ്. നമുക്ക് പരിശോധിക്കാം. മനസ്സ് സുഖം മാത്രം അന്വേഷിച്ചു അലഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു സുഖം തേടിയുള്ള അവസാനിക്കാത്ത യാത്ര. ഒരു വസ്തുവിനെ കാണുമ്പോൾ കുറെ ചിന്തകൾ ഉണ്ടാകുന്നു. അടുത്തതിനെ കാണുമ്പോൾ മറ്റു ചില ചിന്തകൾ. ഈ ഓരോ കൂട്ടം ചിന്തകളും ചെറിയ ചെറിയ സിനിമകൾ പോലെയാണ്. നമ്മൾ അതിൽ അഭിനയിച്ചു തകർക്കുകയാണ്. ഇപ്പോൾ നമ്മൾ ചെയ്യുന്ന സിനിമകൾ മിക്കവാറും ദുഃഖപര്യവസാനിയാണ്. നമ്മുടെ സിനിമയിൽ വന്നുപോകുന്ന ദൃശ്യങ്ങളെയും ആളുകളെയും അല്പം ഒന്ന് വ്യത്യാസപ്പെടുത്തണം. അത്രയേ വേണ്ടൂ നമ്മുടെ ചിന്തകളുടെ ഡിസൈൻ മാറ്റാൻ.
നമ്മിലെ എല്ലാത്തരം ദു:സ്വഭാവങ്ങളും ഈ പാറ്റേൺ മാറ്റുന്നതോടു കുടി ഇല്ലാതെയാകും. അകാരണമായ ഉത്കണ്ഠയും ഭീതിയും ഉള്ള ആളുകൾ അവരുടെ ഉള്ളിൽ സൃഷ്ടിക്കുന്ന സിനിമകളെല്ലാം ഭയാനകമായിരിക്കും. ജീവിതത്തിലെ ഓരോ കാൽവെപ്പിലും അപകടം പതിയിരിക്കുന്നതായി അവർ ആശങ്കപ്പെടുന്നു. അതിനാൽ പിടിക്കുന്ന എല്ലാ സിനിമകളും HORROR ആയിരിക്കും. പക്ഷെ അതിൽ വളരെ കുറച്ചു മാത്രമേ യഥാർത്ഥത്തിൽ സംഭവിക്കുന്നുള്ളൂ. ഇവിടെ നല്ലൊരു സംവിധായകനായി മാറി എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന കരുത്തനായ ഒരു യോദ്ധാവായി നിരന്തരം ചിത്രങ്ങളെ നിർമിക്കുക. അത് ഒരു മാറ്റത്തിനു വഴി തെളിക്കും.
ഇനി മെഡിറ്റേഷൻ സംഭവിക്കുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട. ലൊക്കേഷൻ ചേഞ്ച് ചെയ്യൂ. ഹിമാലയത്തിലേക്ക് തിരിക്കൂ നൂറു കണക്കിന് യോഗികളുടെ അനുഗ്രഹവും വാങ്ങി ആ മഹാ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ട് മുന്നോട്ട് പോകൂ. നല്ല സംവിധായകരായി, നല്ല നായികാ നായകന്മാരായി ഉല്കൃഷ്ടങ്ങളായ സിനിമകൾ നിർമിച്ചു ജീവിതത്തിൽ ആനന്ദം നിറച്ചു മനോഹരമാക്കൂ.