Sudhamam, North Paravur, Ernakulam, Kerala

യോഗ ചികിത്സ

Yoga Treatment for Obesity

അമിതവണ്ണം

പുരുഷന്മാര്‍ക്ക്‌ അല്‌പം കുടവയറുള്ളത്‌ ഉത്തമ പൗരുഷത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്നു. തടിയുള്ള സ്‌ത്രീകളെ മറ്റുള്ള സ്‌ത്രീകള്‍ അസൂയയോടെയാണ്‌ അന്ന്‌ നോക്കിയിരുന്നത്‌

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തടിയന്മാരെ കൗതുകത്തോടെ കണ്ടിരുന്ന കാലഘട്ടം അധികം അകലെയല്ലായിരുന്നു. അവര്‍ സഞ്ചരിക്കുന്ന പാതയില്‍ ആകാംക്ഷയോടെ ആളുകള്‍ നോക്കി നില്‍ക്കുമായിരുന്നത്രേ. പുരുഷന്മാര്‍ക്ക്‌ അല്‌പം കുടവയറുള്ളത്‌ ഉത്തമ പൗരുഷത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്നു. തടിയുള്ള സ്‌ത്രീകളെ മറ്റുള്ള സ്‌ത്രീകള്‍ അസൂയയോടെയാണ്‌ അന്ന്‌ നോക്കിയിരുന്നത്‌.

ആഢൃതയുടെ പ്രതീകമായാണ്‌ പലരും വണ്ണമുള്ള ശരീരപ്രകൃതി കണക്കാക്കിയിരുന്നതെന്ന്‌ പൂര്‍വകാല ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നും പഴയലമുറ താരതമ്യേന വണ്ണം കുറവുള്ളവരായിരുന്നുവെന്ന്‌ മനസിലാക്കാം. ഇന്ന്‌ കൃശ ഗാത്രന്മാരുടെ എണ്ണം നന്നേ കുറഞ്ഞ്‌ പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്‌.

തടിയല്ല സൗന്ദര്യം

ശരീരം തടിച്ചു കാണണമെന്ന മോഹം മിക്കവരുടെയും ഉള്ളിലുണ്ട്‌. അതിനാലാണ്‌ മുലപ്പാല്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു തുടങ്ങുന്നതോടെ അമ്മമാര്‍ കുഞ്ഞിന്റെ പ്രായവും വിശപ്പും കണക്കാക്കാതെ ഭക്ഷണം വാരിവലിച്ചു കഴിപ്പിക്കുന്നത്‌. കുഞ്ഞിന്‌ ഒട്ടും വിശപ്പില്ലെന്ന പരാതിയാണ്‌ അവര്‍ക്ക്‌ എപ്പോഴും. അതിനാല്‍ അനുനയിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും കഴിയുന്നത്ര അന്നം കുഞ്ഞിനെ കഴിപ്പിക്കുന്നു. കുട്ടികളുടെ വയര്‍ വീര്‍ത്തിരുന്നാല്‍ മാത്രമേ അമ്മമാര്‍ക്ക്‌ തൃപ്‌തിയാകൂ. എങ്കില്‍ മാത്രമേ കുഞ്ഞ്‌ വളരുകയുള്ളൂ എന്നാണ്‌ മിക്ക അമ്മമാരുടെയും ധാരണ.

ഇത്‌ ചെറുപ്രായത്തിലേ കുഞ്ഞില്‍ ഒരു ദുഃശീലം വളര്‍ത്തി എടുക്കുന്നതിനു തുല്യമാണ്‌. ഇങ്ങനെ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നശീലം 3-4 വയസാകുമ്പോഴേ അവനില്‍ ഉണ്ടാകുന്നു. ഈ ശീലം ഒരു സ്വഭാവമായി രൂപപ്പെടുകയാണ്‌.

കുഞ്ഞ്‌ വയറുനിറച്ച്‌ ഭക്ഷണം കഴിക്കണ്ടേയെന്നു കരുതി മാംസാഹാരവും മത്സ്യവും വറുത്തുകൊടുത്ത്‌ ശീലിപ്പിക്കും. വളരുന്തോറും ഇവയില്ലാതെ ഭക്ഷണം കഴിക്കില്ലെന്ന്‌ കുട്ടി വാശിപ്പിടിക്കും. അതോടെ കുട്ടിയുടെ ഭക്ഷണ ഭ്രമത്തെക്കുറിച്ചായിരിക്കും അമ്മയുടെ പരാതികള്‍.

മാറിമറിഞ്ഞ ഭക്ഷണരീതി

കേരളത്തിലെ പരമ്പരാഗതമായ ഭക്ഷണക്രമം 30 വര്‍ഷംകൊണ്ട്‌ മാറിമറിഞ്ഞിരിക്കുന്നു. ഒരു സ്‌ഥലത്തെ ഭക്ഷണരീതി ആ നാട്ടിലെ ലഭ്യമായ വിഭവങ്ങളുടെ അടിസ്‌ഥാനത്തില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രൂപപ്പെട്ടതാണ്‌. അതിന്‌ ആ പ്രദേശത്തെ കാലാവസ്‌ഥ, ജീവിതരീതി എന്നിവയുമായി ബന്ധമുണ്ട്‌.

അവിടുത്തെ ജനങ്ങളുടെ ജനിതക ഘടനയുമായിപ്പോലും ഭക്ഷണശീലങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായ ഭക്ഷണശീലത്തില്‍ പൊടുന്നണെ ഉണ്ടാകുന്ന ഏത്‌ വ്യതിയാനവും ആരോഗ്യം തകര്‍ത്തുകളഞ്ഞേക്കാം.

കേരളത്തിലെ പരമ്പരാഗതരീതി

അരി, പച്ചക്കറി, മത്സ്യം ഇവയാണ്‌ കേരളീയര്‍ പരമ്പരാഗതമായി ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ അമിത മസാല, എണ്ണ, നെയ്യ്‌ മുതലായവയും വറുത്ത ഭക്ഷണവും നമ്മുക്ക്‌ പരിചയമുള്ളതല്ല. മാംസാഹാരം വിശേഷ ദിവസങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാല്‍ ആ ചിട്ടവട്ടങ്ങളൊക്കെ ഇന്ന്‌ തകിടം മറിഞ്ഞു. അതിനൊപ്പം ഫാസ്‌റ്റ് ഫുഡ്‌ കൂടിയാകുമ്പോള്‍ ശരീരത്തിന്‌ ഗുണകരമായതൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്‌ഥ സംജാതമാകും.

ലോകത്ത്‌ സ്വന്തം ഭക്ഷണശീലം ഇത്രയുമധികം താറുമാറാക്കിയ ജനതയെ കണ്ടെത്താന്‍ പ്രയാസമാണ്‌. ഇതിനു പുറമേ വ്യായാമം തീര്‍ത്തും അലക്ഷ്യമാണെന്ന ഒരു ചിന്താഗതിയും നമ്മള്‍ സ്വയം വളര്‍ത്തിയെടുത്തു കഴിഞ്ഞു. ഇത്‌ പലവിധ രോഗങ്ങളിലേക്ക്‌ ശരീരത്തേ തള്ളിവിടുന്നതിനു കാരണമായി.

രോഗ സാദ്ധ്യതകൾ

പ്രമേഹം, ഉയര്‍ന്ന രക്‌തസമ്മര്‍ദം, രക്‌തത്തില്‍ കൊഴുപ്പിന്റെ അംശം കൂടുക, ഹൃദ്രോഗം, മുട്ടു തേയ്‌മാനം. നട്ടെല്ലിന്‌ ഡിസ്‌കിനും ഉണ്ടാകുന്ന തകരാറുകള്‍, ഉപ്പൂറ്റിയില്‍ ഉണ്ടാകുന്ന അസഹ്യമായ വേദന മുതലായവ അമിതവണ്ണമുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

യോഗചികിത്സ

സുര്യ നമസ്കാരം, ദ്രുത വ്യായാമങ്ങൾ ഡൈനാമിക് പ്രണായാമം എന്നിവ ശരീരത്തിലെ അധികമായ കൊഴിപ്പിനെ കത്തിച്ചുകളയാൻ സഹായിക്കുന്നു. ധ്യാനം പ്രാണായാമം എന്നിവ മാനസിക സമ്മർദ്ദത്തെ കുറച്ച് ഭക്ഷണം ക്രമീകരിക്കാൻ നമ്മെ സഹായിക്കുന്നു ഒപ്പം ആസക്തി കുറച്ചു കൊണ്ടുവരുവാനും. അമിതവണ്ണത്തിനുള്ള യോഗ ചികിത്സ ക്ലാസുകൾ ആരംഭിക്കുന്നു (9.11.2020) പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

9388038880, 9388803300

Register Now